ആദ്യമായി കണ്ടത് എന്നാണെന്ന് ഓർമയില്ല ...പണ്ടാണ് ....ഒരു നീല താമര , പണ്ട് എന്ന് വച്ചാൽ ഒരുപാടു കാലങ്ങൾ മുൻപൊന്നുമല്ല , ഏതാണ്ട് ഒരു 6 കൊല്ലം മുന്പയിരിക്കും .അന്നു ചുറ്റും കാണുന്ന പൂക്കളിൽ ഒന്നിനെ കണ്ട അനുഭൂതിയിൽ കവിഞ്ഞ യാതൊന്നും തോന്നിയില്ല. മനസ്സിനെ പിടിച്ചിരുത്തുന്ന യാതൊന്നും കണ്ടില്ല ...
ദിന രാത്രങ്ങൾ ഒരുപാടു മാറി മാറി വന്നു , പല തവണ ദിശ അറിയാതെ ഇരുട്ടിൽ വഴി തെറ്റി നടന്നു കൊണ്ടിരുന്നപ്പോഴൊന്നും ഓർമകളിൽ നിഴൽ പാടുപോലെ പോലും പ്രത്യക്ഷപെട്ടിട്ടില്ല ..ചതുപ്പിൽ നില്കുന്ന പൂവിനെ കണ്ടപ്പോൾ ആദ്യം അടുത്ത് പോവാൻ പോലും തോന്നിയില്ല എന്ന് മാത്രം അല്ല ,പിച്ചി കളയാൻ ആണ് തോന്നിയത് . ആ ലക്ഷ്യത്തോടെ മുൻപോട്ടു പോയതാണ് ..ഇപ്പോഴും അറിയാത്ത എന്തോ ഒന്നു മനസ്സിനെ പിന്തിരിപ്പിച്ചു . ഒന്നും സംഭവിക്കാത്ത ഭാവത്തിൽ ഞാൻ തിരികെ യാത്രയായി .... തിരിച്ചുള്ള യാത്രക്കിടയിൽ മുള്ളിൽ ഇടറി വലിഞ്ഞ ശീലയെ പോലെ മനസ്സും ഒന്ന് ഇടരിയത് കൊണ്ടാവണം ഞാൻ തിരിച്ചു അവിടെ തന്നെ എത്തി. കുറെ ഏറനേരം നോക്കി നിന്നു ഞാൻ അവിടെ...എന്തോ ഒരു അദൃശ്യ ബന്ധം അവിടെ ഉടലെടുക്കുക ആയിരുന്നു ...സമയം സഞ്ചരിച്ചത് ഞാൻ അറിഞ്ഞില്ല, വിട ചൊല്ലി വീട്ടിലേക്ക് മടങ്ങി. മൌനം മനസ്സിന്റെ ഏറ്റവും കടുപ്പമേറിയ പ്രതികാരം എന്നത് അറിയാമായിരുന്നിട്ടും നിശാ വെ ളിച്ചതിൽ തെളിഞ്ഞു നിന്നു ..വൈകിയെങ്കിലും അടുത്ത് എത്തിയല്ലോ എന്നൊരു ആശ്വാസം ആയിരിക്കാം ആ പ്രഭയുടെ പിന്നിൽ അന്ന് ഉണ്ടായിരുന്നത് ...മനസ്സ് വീട്ടിലേക്ക് കൂടെ സഞ്ചരിക്കാൻ മടിച്ചു നിന്ന പോലെ തോന്നി .
എപ്പോഴെല്ലാം വഴി തെറ്റി ഞാൻ ആ വഴി വന്നിട്ടുണ്ടോ അപ്പോഴെല്ലാം ആ നീല താമര അവിടെ ഉണ്ടായിരുന്നില്ലേ? തിരഞ്ഞു നടന്നിരുന്നത് ഏതാണെന്നോ ഏതു വഴിലൂടെ ആണെന്നോ ഓർത്തെടുക്കാൻ പ്രയാസം ആണെങ്കിലും ഞാൻ സഞ്ചരിച്ച വഴികളിൽ എവിടൊക്കെയോ ഞാൻ കണ്ടിരുന്നു ...ഒരിക്കലും ഞാൻ അതിനെ ശ്രദ്ധിച്ചി രുന്നില്ല എന്ന് അറിഞ്ഞപ്പോൾ മനസ്സിൽ ചെറിയൊരു കാർമേഘം ഉരുണ്ടു കൂടി. അതിനു പ്രായശ്ചിതം എന്നോണം അന്ന് മുതൽ ഞാൻ അറിഞ്ഞു കൊണ്ട് ആ വഴി തെറ്റി നടക്കാൻ ശീലിച്ചു. ദിവസങ്ങൾ കഴിയും തോറും നീല താമരയെ ചതുപ്പിലെ ചളിയിൽ നിന്നും ഞാൻ എന്റെ മനസ്സിലെ തടാകത്തിലേക്കു പറിച്ചു നട്ടിരുന്നു. മഴപെയ്തു ചതുപ്പ് മുങ്ങി വെള്ളം പൊങ്ങി വന്നു , കരയിൽ നിന്ന് മാത്രം നോക്കി കണ്ടിരുന്ന എനിക്ക് അടുത്ത് പോയി കാണാൻ വല്ലാത്തൊരു ആഗ്രഹം തോന്നി കൊണ്ടിരുന്നു എങ്കിലും കരക്കും നീല താമരക്കും ഇടയിൽ ഉള്ള ആഴവും ദൂരവും എന്നെ പിന്തിരിപ്പി ച്ചു. പലപോഴായി ഞാൻ വെള്ളത്തിൽ ഇറങ്ങി നോക്കി ...ഭയം ആഗ്രഹത്തിന് അടിമപെട്ടെന്നു തോന്നുന്നു ..ഞങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു.
ആഗ്രഹ സാഫല്യം എന്നപോലെ വൃഷ്ടിയുടെ വിഹാരത്തിൽ പലതവണ അത് കരയോട് അടുത്ത് ഒഴുകി എത്തിയപ്പോൾ , മനസ്സ് അറിയാതെ മന്ദ്രിച്ചു കൊണ്ടിരുന്നു എന്റെ സ്വന്തം എന്ന് . ഒരു വസന്ത കാലത്തിന്റെ ദൈർഗ്യം മാത്രമേ ഉള്ളൂ എന്ന് പലതവണ ഓർത്തു എങ്കിലും മനസ്സ് അതൊന്നും വിശ്വസിക്കാൻ കൂട്ടാക്കി യില്ല . ചരിത്രത്തിൽ യുദ്ധങ്ങൾ പലതും നടന്നിരിക്കുന്നത് അധികാരത്തിനും സ്വാർത്ഥതയുടെയും സാഫല്യം നേടാൻ ആയിരുന്നപോലെ എന്റെ മനസ്സും എന്റെ സ്വാർത്ഥതയെ പ്രോത്സാഹിപിച്ചു കൊണ്ടിരുന്നു. ദിവസങ്ങൾ കഴിയും തോറും എന്റെ മനസ്സിൽ നിറങ്ങൾ കൂടി വന്നു കൊണ്ടിരുന്നു , അത് പിന്നെ ചിത്രങ്ങളും സ്വപ്നങ്ങളുമായി മാറാൻ ഏറെ താമസം ഉണ്ടായില്ല . സ്വപ്നങ്ങളിലെ സങ്കൽപ്പങ്ങൾ വേഷം കെട്ടി മുന്നിൽ നിന്ന് ആടിയപ്പോൾ മനസ്സ് തെല്ലും മടിക്കാതെ കൂടെ ആടികൊണ്ടിരുന്നു. മനസ്സിലെ വേഷ പകർച്ച ശരീരത്തിൽ പ്രകടമായി തുടങ്ങി എന്ന തിരിച്ചറിവുകൾ മനസ്സിനെ നൊമ്പരപെടുത്തി.
കാലചക്രം വേഗത്തിൽ പായുന്നതിനിടയിൽ എന്നെങ്കിലും ഒരു ദിവസം ഒഴുകി മാറി മുങ്ങി പോവുമോ എന്ന ചിന്തകൾ മനസ്സിലെ നിറങ്ങളെയും ഉത്സവ കൊടിയേറ്റങ്ങളെയും ശൂന്യമാക്കുന്നു . ഉറഞ്ഞു തുള്ളുന്ന തെയ്യ കോലം ആളുകള്ക്ക് മുൻപിൽ ചിരിച്ചു കൊണ്ട് ആളുന്ന അഗ്നിയിൽ എടുത്തു ചാടുന്നത് കണ്ടിട്ടുണ്ട്..അത് ആചാരം , അതിനോട് ഉപമിക്കാവുന്ന ഒരു മാനസിക അവസ്ഥ . കുറച്ചു നേരത്തേക്ക് ആണെങ്കിലും നൂല് പൊട്ടിയ പട്ടം കണക്കെ മനസ്സ് കൈ വിട്ടു പോയതിൽ എത്തി നിന്നപ്പോൾ എന്തിനു ഞാൻ നിൻറെ വഴിയിൽ കുറുകെ വന്നു എന്ന് ആലോചിച്ചു പോയി.
കാലമേ.. നീ ചലിക്കാതിരിക്കുക , സ്വപ്നങ്ങളേ... നിങ്ങൾക്ക് മരണം ഇല്ലാതിരിക്കട്ടെ ..... വിശ്വാസം അതിൻറെ അർത്ഥത്തിനും വളരെ ഉയരത്തിൽ ആത്മ വിശ്വാസത്തിന്റെ ഉറപ്പുള്ള വലിയ കോട്ടകൾ പണ്ടേ പണിതു കഴിഞ്ഞിരിക്കുന്നു. എന്റെ സുന്ദര പുഷ്പമേ വസന്തതിനും അപ്പുറം എന്റെ കൂടെ എന്നും എന്റെ മനസ്സിന് നന്മയായി ഉണ്ടാവണം , അതൊരു വിശ്വാസം എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടിരിക്കുന്ന സത്യം , കാരണം നീ വിരിഞ്ഞു നില്കുന്നത് എന്റെ ഹൃദയത്തിലാണ് ...ഒരിക്കലും ഒഴുകി മറയാൻ പറ്റാത്ത ഇടത്തു ...